Tuesday, 20 August 2013

പ്രവാസികളുടെ സമ്പാദ്യം രോഗമാവരുത്

ദാരിദ്ര്യത്തില്‍നിന്ന് സമൃദ്ധിയിലേക്കുള്ള പ്രയാണമായിരുന്നു മലയാളിയുടെ പ്രവാസജീവിതമെങ്കില്‍ അവന്‍െറ സമ്പാദ്യത്തില്‍ ഇന്ന് ഏറിയപങ്കും രോഗങ്ങളാണ്. പല മലയാളികളും ഇന്ന് നാട്ടില്‍ വരുന്നത് ഡോക്ടറെ കാണാനും ചികിത്സക്കുമാണ്. മണലാരണ്യത്തില്‍ വിയര്‍പ്പൊഴുക്കി സമ്പാദിച്ചതൊക്കെയും ഡോക്ടര്‍മാര്‍ക്കും ആശുപത്രികള്‍ക്കും മരുന്നുകമ്പനികള്‍ക്കും നല്‍കേണ്ട അവസ്ഥയാണ്.

 ആദ്യകാലങ്ങളില്‍ മൂത്രാശയ രോഗങ്ങളായിരുന്നു ഗള്‍ഫ് മലയാളിയുടെ പ്രധാന ശത്രുവെങ്കില്‍ ഇന്ന് ജീവിതശൈലീ രോഗങ്ങളാണ് ഭീഷണി. ചുട്ടുപഴുത്ത കാലാവസ്ഥയിലെ കഠിനാധ്വാനവും ആവശ്യത്തിനു വെള്ളം കുടിക്കാന്‍ കഴിയാത്ത അവസ്ഥയും സൃഷ്ടിച്ച, വൃക്കയിലും മൂത്രസഞ്ചിയിലുമുള്ള കല്ലായിരുന്നു ഒരു പതിറ്റാണ്ട് മുമ്പുള്ള ഗള്‍ഫ് മലയാളിയുടെ മുഖ്യ ആരോഗ്യപ്രശ്നം. എന്നാല്‍, മെറ്റബോളിക് സിന്‍ഡ്രോം അഥവാ സിന്‍ഡോം-എക്സ് എന്ന് വൈദ്യശാസ്ത്രം വിളിക്കുന്ന നിരവധി രോഗങ്ങളുടെ കൂട്ടായ്മയാണ് ഇന്ന് ഭൂരിഭാഗം പ്രവാസിയും നേരിടുന്നത്. ഫാറ്റി ലിവര്‍ എന്നുവിളിക്കുന്ന കരള്‍വീക്കവും മൂടികൊഴിച്ചിലും തുടര്‍ന്നുള്ള കഷണ്ടിയും ബീജത്തിന്‍െറ അളവു കുറഞ്ഞ് ഉല്‍പാദശേഷികുറയുന്നതും എല്ലാം ഇതിന്‍െറ കൂടെയുണ്ട്.

 പ്രമേഹം, കൊളസ്¤്രടാള്‍, രക്തസമ്മര്‍ദം, പൊണ്ണത്തടി എന്നീ രോഗങ്ങളാണ് മെറ്റബോളിസ് സിന്‍ഡ്രോമിന്‍െറ കീഴില്‍ വരുന്നത്. ഇവയില്‍ ഏതെങ്കിലും മൂന്നെണ്ണമെങ്കിലും ഇല്ലാത്ത ഗള്‍ഫ് മലയാളികള്‍ കുറവാണെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. തെറ്റായ ജീവിതശൈലിയും മാനസികസംഘര്‍ഷങ്ങളും രോഗകാരണമായി വിലയിരുത്തപ്പെടുന്നു. പച്ചക്കറികളും ധാന്യങ്ങളും ചക്കയും മാങ്ങയും ഇലക്കറികളുമടങ്ങിയ നാടന്‍ഭക്ഷണം കഴിച്ചുശീലിച്ച മലയാളി ഗള്‍ഫിലെത്തുന്നതോടെ ആകെ മാറുകയായി. നാരുകളടങ്ങിയ പച്ചക്കറികളെ ഉപേക്ഷിച്ച് അവന്‍ വറുത്തതും പൊരിച്ചതുമായി മാംസാഹാരത്തിന് പിറകെ പോകുന്നു. ജോലികഴിഞ്ഞ് ക്ഷീണിച്ചെത്തിയശേഷം പാചകം ചെയ്യാനുള്ള മടിയും സമയക്കുറവുമാണ് അവനെ റസ്റ്റാറന്‍റ് ഫുഡ് സംസ്കാരത്തിലേക്ക് നയിക്കുന്നത്.

 വ്യായാമം ഒട്ടുമില്ലാത്ത ജീവിതവും കൂടെ മാനസിക സംഘര്‍ഷങ്ങളും കൂടിയാവുമ്പോള്‍ പതുക്കെ രോഗങ്ങള്‍ പടികടന്നെത്തുകയായി. മാറുന്ന ആഹാരശൈലിയും ക്രമംതെറ്റുന്ന ജീവിതരീതികളും തികച്ചും വ്യത്യസ്തമായ കാലാവസ്ഥയും കഠിനമായ ജോലിയുമെല്ലാം ഈ അവസ്ഥക്ക് കാരണമാണെങ്കിലും കുറെയൊക്കെ ശ്രദ്ധിച്ചാല്‍ മാറ്റിയെടുക്കാവുന്ന പ്രശ്നങ്ങള്‍ മാത്രമാണ് ഇന്ന് ഗള്‍ഫ് മലയാളിക്കുള്ളത്. കൊളസ്ട്രോള്‍ അഥവാ രക്തക്കുഴലുകളിലും കരളിലും കൊഴുപ്പ് അടിയുന്ന അവസ്ഥയാണ് സിന്‍ഡ്രോം-എക്സ് രോഗങ്ങളിലെ പ്രധാന വില്ലന്‍. ധമനികളില്‍ തടസ്സം സൃഷ്ടിച്ച് ഇത് ഹൃദയാഘാതത്തിന് കാരണമാവുന്നു.

 ഭക്ഷണരീതികളും വ്യായമമില്ലായ്മയുമാണ് ഈ രോഗത്തിന് വഴിവെക്കുന്നത്. ഹൃദയാഘാതവും പക്ഷാഘാതവുമെല്ലാം അമിത കൊളസ്ട്രോളിന്‍െറ പ്രത്യാഘാതങ്ങളാണ്. ഹൃദയധമനികളില്‍ കൊഴുപ്പ് അടിഞ്ഞുകൂടി രക്തപ്രവാഹം തടസ്സപ്പെടുമ്പോള്‍ ഹൃദയാഘാതവും തലച്ചോറിലെ സൂക്ഷ്മധമനികള്‍ അടയുകയോ പൊട്ടി രക്തസ്രാവമുണ്ടാകുകയോ ചെയ്യുമ്പോള്‍ പക്ഷാഘാതവുമുണ്ടാവും. പ്രമേഹമാണ് അടുത്തഭീഷണി. പാരമ്പര്യം ഒരു മുഖ്യഘടകമാണെങ്കിലും ഭക്ഷണശൈലിയും വ്യായാമരഹിതമായ ജീവിതവും രോഗത്തിന്‍െറ പ്രധാന കാരണംതന്നെ. പ്രമേഹം തുടക്കത്തിലേ കണ്ടെത്തി ചികിത്സിക്കുകയും രോഗശാന്തിക്ക് അനുസരിച്ച് ജീവിതശൈലി ക്രമപ്പെടുത്തുകയും ചെയ്തില്ലെങ്കില്‍ രോഗം ക്രമേണ കാഴ്ചശക്തിയെയും വൃക്കകളെയും കാല്‍പാദങ്ങളെയും ലൈംഗികശേഷിയെയും ബാധിച്ച് ജീവിതം ദുസ്സഹമാക്കും. ഗുരുതരമായ നിരവധി രോഗങ്ങള്‍ക്ക് വഴിമരുന്നിടുന്ന അസുഖമാണ് രക്തസമ്മര്‍ദം അഥവാ ഹൈപ്പര്‍ ടെന്‍ഷന്‍. ഏറ്റവും എളുപ്പത്തില്‍ കണ്ടെത്താവുന്ന ആരോഗ്യപ്രശ്നമാണിതെങ്കിലും മിക്കവരും ഇതിനെ അവഗണിക്കുകയാണ് പതിവ്.


 ഹൃദ്രോഗം, മസ്തിഷ്കാഘാതം, വൃക്കരോഗങ്ങള്‍ തുടങ്ങി മാരകമായ നിരവധി രോഗങ്ങളിലേക്കുള്ള ചവിട്ടുപടിയാണ് രക്തസമ്മര്‍ദം. രക്തത്തില്‍ യൂറിക് ആസിഡിന്‍െറ അളവ് കൂടുന്ന പ്രവണതയും ഗള്‍ഫ് മലയാളികളില്‍ വ്യാപകമായി കണ്ടുവരുന്നുണ്ട്. സന്ധികളില്‍ വേദനയും മൂത്രാശയ കല്ലുകളും പ്രമേഹത്തിനുള്ള സാധ്യതയുമാണ് യൂറിക് ആസിഡ് കൂടിയാലുള്ള പ്രശ്നങ്ങള്‍. ഹോട്ടല്‍ഭക്ഷണവും ഫാസ്റ്റ് ഫുഡുകളും നല്‍കുന്ന താല്‍ക്കാലിക ആശ്വാസങ്ങളുടെ പിടിയില്‍നിന്ന് മോചിതനാകുകയാണ് ആരോഗ്യവഴിയിലേക്കുള്ള ചുവടുവെപ്പ് എന്നനിലയില്‍ ആദ്യം ചെയ്യേണ്ടത്. ഭക്ഷണകാര്യത്തില്‍ ശ്രദ്ധപുലര്‍ത്തുകയും കര്‍ശനമായ ചില ചിട്ടകള്‍ ജീവിതത്തിലേക്ക് കൊണ്ടുവരുകയും വേണം. താമസസ്ഥത്ത് ആഹാരം പാകംചെയ്ത് ശീലിക്കുകയും എളുപ്പത്തില്‍ പാകംചെയ്യാന്‍ കഴിയുന്നതും കുറഞ്ഞ വിലക്ക് കിട്ടുന്നതുമായ ചിക്കനെ സ്ഥിരം ഭക്ഷണത്തില്‍നിന്ന് പുറത്താക്കുകയും വേണം. പൊണ്ണത്തടിക്കും കുടവയറിനും കാരണമാകുന്ന ചിക്കന്‍ വിഭവങ്ങള്‍ പിന്നീട് പൈല്‍സ് രോഗത്തിനും കാരണമാവും. ഗള്‍ഫ്മലയാളികളില്‍ ഭൂരിപക്ഷവും പൈല്‍സ് രോഗത്തിന്‍െറ പിടിയിലാണെന്നത് ഒരു വസ്തുതയാണ്.

 വന്‍ നഗരങ്ങളില്‍ ഈയിടെ ഉയര്‍ന്നുവന്ന മള്‍ട്ടി സ്പെഷാലിറ്റി പൈല്‍സ് ക്ളിനിക്കുകളിലും നാട്ടിന്‍പുറങ്ങളിലെ ബംഗാളി മുറിവൈദ്യന്മാരുടെ അടുത്തും എത്തുന്ന രോഗികളില്‍ ഭൂരിപക്ഷവും ഗള്‍ഫ് മലയാളികള്‍തന്നെ. നാരുകള്‍ അടങ്ങിയ പച്ചക്കറിഭക്ഷണം പാടെ ഉപേക്ഷിക്കുകവഴി സൃഷ്ടിക്കപ്പെടുന്ന സ്ഥിരമായ മലബന്ധമാണ് പിന്നീട് പൈല്‍സ് രോഗമായി മാറുന്നതെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നത്. മാനസിക സംഘര്‍ഷവും ഉറക്കപ്രശ്നങ്ങളും ഇതിന് ആക്കംകൂട്ടുകയും ചെയ്യുന്നു. ജീവിതക്രമത്തില്‍ കൃത്യത പാലിക്കാന്‍ കഴിയാത്തതാണ് ഗള്‍ഫ്മലയാളികള്‍ നേരിടുന്ന പ്രധാനപ്രശ്നം. വിവിധ ഷിഫ്റ്റുകളില്‍ ജോലിചെയ്യേണ്ടിവരുന്ന നഴ്സിങ്, ഡ്രൈവിങ് തുടങ്ങിയ മേഖലയിലുള്ളവര്‍ക്ക് പത്തും പതിനഞ്ചും മണിക്കൂര്‍ തുടര്‍ച്ചയായി ജോലിചെയ്യണ്ട അവസ്ഥയാണ്.

ലഘുഭക്ഷണവും കോളയും കഴിച്ച് തല്‍ക്കാലികമായി വിശപ്പില്‍നിന്ന് മോചനം നേടുന്ന ഇവര്‍ ഉറങ്ങുംമുമ്പ് വിശപ്പില്ലെങ്കില്‍ പോലും വയറുനിറച്ച് ആഹാരം കഴിക്കുന്നു. ഇതും രോഗങ്ങളെ ക്ഷണിച്ചു വരുത്തും. വരുമാനവും ചെലവുകളും ഒത്തുപോകാത്ത അവസ്ഥയും ഗള്‍ഫിലെ ഭക്ഷണ സാധനങ്ങളും പൊള്ളുന്നവിലയും കണക്കിലെടുത്ത് എന്തെങ്കിലും കഴിച്ച് വയറു നിറക്കുന്ന സ്വഭാവവും ചില മലയാളികള്‍ക്കുണ്ടെന്ന് പ്രമുഖ ഗ്യാസ്ട്രോ എന്‍ററോളജി വിദഗ്ധര്‍ പറയുന്നു. കുടലിലെ അള്‍സര്‍മൂലം കഷ്ടപ്പെടുന്നവരും കുറവല്ല. പച്ചക്കറികളും പഴവര്‍ഗങ്ങളും ആഹാരത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തുകയും ധാരാളം ശുദ്ധജലം കുടിക്കുകയും തുടര്‍ച്ചയായി ആറു മണിക്കൂറെങ്കിലും ഉറങ്ങുകയും ചെയ്താല്‍ ഇന്ന് നേരിടുന്ന മിക്ക ആരോഗ്യപ്രശ്നങ്ങളും ഒരു പരിധിവരെ പരിഹരിക്കാമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഗള്‍ഫിലെ ജീവിതം ദുരിതമയമാക്കുന്ന ഘടകങ്ങളിലൊന്നാണ് ഇവിടത്തെ പൊടിക്കാറ്റ്. കാറ്റില്‍ വീശിയടിക്കുന്ന പൊടി നിരന്തരമായി ശ്വാസകോശങ്ങളിലേക്ക് എത്തുകയും തുടര്‍ന്ന് ആസ്ത്മ രോഗികളായി തീരുകയും ചെയ്യുന്നു. ഫീല്‍ഡില്‍ ജോലിയെടുക്കുന്നവരാണ് ഇതിന്‍െറ പ്രധാന ഇരകള്‍. ഗള്‍ഫ്നാടുകളിലെ ജോലി പലപ്പോഴും കാഠിന്യമേറിയതാണെങ്കിലും ശാരീരികമായി വ്യായാമം ലഭിക്കാത്തവയാണ് പലതും. സൗകര്യക്കുറവും സമയക്കുറവും മൂലം പ്രവാസികള്‍ പലരും വ്യായാമരഹിത ജീവിതമാണ് നയിക്കുന്നത്. ജോലി, താമസസ്ഥലത്തെത്തിയാല്‍ ടി.വി കാണലും തമാശകളും പാചകവും അലക്കലുമായി വ്യായാമത്തെ മറന്നുള്ള ജീവിതവും രോഗത്തിലേക്കുള്ള വഴിനടത്തം തന്നെയാണ്.

മേല്‍സൂചിപ്പിച്ച ആരോഗ്യപ്രശ്നങ്ങള്‍ ശാരീരികമാണെങ്കില്‍ അതിനേക്കാള്‍ എത്രയോ അധികം മാനസിക പ്രശ്നങ്ങള്‍ അനുഭവിക്കുന്നവരാണ് പ്രവാസികള്‍. കുടുംബങ്ങളെ പിരിഞ്ഞുള്ള ജീവിതവും പുതിയ സാഹചര്യങ്ങളോട് ഇഴുകിച്ചേരാനുള്ള പ്രയാസവും മൂലം നിരവധി മാനസിക പ്രശ്നങ്ങളാണ് ഒരു ഗള്‍ഫ്മലയാളിക്ക് നേരിടേണ്ടിവരുന്നത്. നിരന്തര മാനസിക സംഘര്‍ഷങ്ങളും ഉത്കണ്ഠയും വിഷാദവും ചേര്‍ന്ന് ഭൂരിപക്ഷം പേരുടെയും ജീവിതം ദുസ്സഹമാക്കുന്നുണ്ട്. പ്രവാസി അനുഭവിക്കുന്ന ശാരീരിക പ്രശ്നങ്ങളുടെ പ്രധാന കാരണവും ഇത്തരം മാനസിക പ്രശ്നങ്ങളാണെന്ന് മന$ശാസ്ത്രജ്ഞര്‍ പറയുന്നു. രോഗം വന്നശേഷം വന്‍തുക മുടക്കി മികച്ച ചികിത്സ തേടുന്നതിനേക്കാള്‍ നല്ലത് രോഗംവരാതെ സൂക്ഷിക്കുകയാണ്. ചെറിയതുക മുടക്കിയുള്ള പതിവായ വൈദ്യപരിശോധനയിലൂടെ മിക്ക രോഗങ്ങളെയും നേരത്തേ കണ്ടെത്താനും തുടക്കത്തിലേ ചികിത്സ ആരംഭിക്കാനും ജീവിതശൈലി മെച്ചപ്പെടുത്തി രോഗത്തെ മറികടക്കാനും കഴിയും. പ്രവാസിയെ സംബന്ധിച്ചിടത്തോളം ആരോഗ്യത്തെ ഗൗരവമായിക്കണ്ട് നിശ്ചിത ഇടവേളകളില്‍ മെഡിക്കല്‍ ചെക്കപ്പ് നടത്തുകയും ആഹാരത്തിന്‍െറയും വ്യായാമത്തിന്‍െറയും കാര്യത്തില്‍ പുനര്‍ചിന്തനം നടത്തുകയും ചെയ്യേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

No comments:

Post a Comment