Tuesday, 20 August 2013

അവധി കഴിഞ്ഞിറങ്ങുന്നത് പതിനായിരങ്ങള്‍; ദോഹ വിമാനത്താവളത്തിന് വീര്‍പ്പുമുട്ടും

ദോഹ: പെരുന്നാള്‍ അവധിക്കാലം കഴിയുന്നതോടെ വരുന്ന ആഴ്ച ഖത്തറിലേക്ക് പറന്നിറങ്ങാനൊരുങ്ങുന്നത് ഒരു ലക്ഷം പേര്‍. ഈ വാരാന്ത്യത്തോടെ 45,000 പേരാണ് ദോഹ ഇന്‍റര്‍ നാഷണല്‍ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങുന്നതെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു. അടുത്ത ആഴ്ച 50,000 പേരും വിവിധ രാജ്യങ്ങളില്‍ നിന്നായി വിമാനത്താവളത്തിലിറങ്ങും. പെരുന്നാള്‍ അവധി കഴിഞ്ഞ് ഇന്നാണ് ഖത്തറില്‍ പ്രവര്‍ത്തിദിനം ആരംഭിക്കുന്നത്.

സെപ്തംബര്‍ ആദ്യവാരം വേനലവധികഴിഞ്ഞ് സ്കൂളുകളും തുറക്കുന്നുണ്ട്. പെരുന്നാള്‍ അവധിയും മധ്യവേനലവധിയും പ്രമാണിച്ച് ഈ മാസമാദ്യം 2,50,000 പേര്‍ ഖത്തറില്‍ നിന്ന് പുറത്തേക്ക് പോയതായാണ് കണക്കുകള്‍. ഇവരില്‍ അവധിക്കാലം നാട്ടില്‍ കഴിച്ചുകൂട്ടാന്‍ പോയ പ്രവാസി കുടുംബങ്ങളും അവധി ആഘോഷിക്കാനും വിനോദസഞ്ചാരത്തിനുമായി വിവിധ രാജ്യങ്ങളിലേക്ക് പറന്ന സ്വദേശികളും ഉള്‍പ്പെടും. ഇതോടെ ദോഹ വിമാനത്താവളത്തില്‍ വാഹനങ്ങളുടെ പൂരത്തിരക്കാവും. വന്നിറങ്ങുന്ന യാത്രക്കാരുടെ ആധിക്യം ദോഹ ഇന്‍റര്‍നാഷണല്‍ വിമാനത്താവളത്തിന് പുറത്ത് വലിയ തോതില്‍ ഗതാഗതക്കുരുക്ക് സൃഷ്ടിക്കും.

വിമാനത്താവളത്തില്‍ ഇരുനിലപാര്‍ക്കിങ് സംവിധാനത്തിന്‍െറയും മെട്രോ റെയിലിന്‍െറയും നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഇപ്പോള്‍ തന്നെ വാഹന പാര്‍ക്കിങ്ങിന് പരിമിതമായ സ്ഥലമേയുള്ളൂ. പതിനായരങ്ങള്‍ ഒരുമിച്ച് വന്നിറങ്ങുന്നതോടെ ഉണ്ടാകുന്ന ഗതാഗതക്കുരുക്ക് പ്രവചിക്കാന്‍ കഴിയില്ല്ള. പെരുന്നാളിന് മുമ്പേ വിമാനത്താവളത്തില്‍വരുന്നവര്‍ സ്വകാര്യ വാഹനങ്ങള്‍ കഴിയുന്നതും ഒഴിവാക്കണമെന്നും ടാക്സികള്‍ ഉപയോഗിക്കണമെന്നും യാത്രക്കാര്‍ക്ക് വിമാനത്താവള അധികൃതര്‍ നിര്‍ദേശം നല്‍കിയിരുന്നു.


 സുരക്ഷ ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍ എല്ലാവരും കൃത്യമായി പാലിച്ചാല്‍ ഗതാതതക്കുരുക്ക് ഒഴിവാക്കാനാവുമെന്ന് വിമാനത്താവള അധികൃതര്‍ പറയുന്നു. അറൈവല്‍ ടെര്‍മിനലിനടുത്ത് എല്ലാവരും കേന്ദ്രീകരിക്കുന്നതിനാലാണ് തിരക്ക് വര്‍ധിക്കുന്നത്. പുതിയ പാര്‍ക്കിങ് സംവിധാനം ഒക്ടോബറില്‍ തുടങ്ങുന്നതോടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം 21 മില്യന്‍ ആളുകളാണ് ദോഹ എയര്‍പോര്‍ട്ട് വഴി യാത്രചെയ്തത്. 2011ലേക്കാള്‍ 17 ശതമാനം യാത്രക്കാരാണ് 2012ല്‍ വര്‍ധിച്ചത്. പുതിയ ഹമദ് ഇന്‍റര്‍ നാഷണല്‍ വിമാനത്താവളം തുറക്കുന്നതോടെ പഴയവിമാനത്താവളത്തിന്‍െറ ഭാരം കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വര്‍ഷം ഡിസംബറില്‍ വിമാനത്താവളം ഉദ്ഘാടനം നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

No comments:

Post a Comment