Tuesday, 20 August 2013

മാത്തുക്കുട്ടി ഒരു ബോറന്‍ ചിത്രം

സത്യം നേരെ ചൊവ്വേ പറയുകയാണെങ്കില്‍ രഞ്ജിത്തിന്റെ കടല്‍ കടന്നൊരു മാത്തുക്കുട്ടി ഭയങ്കര ബോറന്‍ ചിത്രമാണ്. ഇനി അല്‍പം വളച്ചുകെട്ടി പറഞ്ഞാല്‍ തരക്കേടില്ല എന്നു പറയാം. മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്തൊരുക്കി പെരുന്നാള്‍ ദിനത്തില്‍ കേരളത്തിലെത്തിയ മാത്തുക്കുട്ടി കുറച്ചുദിവസം കൊണ്ട് തിരിച്ചുപോകും എന്നുറപ്പാണ്. അതിനു തെളിവാണ് ആദ്യദിവസം. ആദ്യ ഷോയ്ക്ക് കൂക്കിവിളിയോടെ ഇറങ്ങിപോകുന്ന പ്രേക്ഷകര്‍. സ്വന്തം ചിത്രം റിലീസിനൊരുങ്ങുമ്പോള്‍ അത് കൃത്യമായി മാര്‍ക്കറ്റ് ചെയ്യുന്ന ആളാണ് രഞ്ജിത്ത്.

മോഹന്‍ലാലിന്റെ സ്പിരിറ്റും രഞ്ജിത്ത് തിരക്കഥയെഴുതിയ ബാവൂട്ടിയുടെ നാമത്തില്‍ എന്നീ നാടക ചിത്രങ്ങളെല്ലാം തിയറ്ററില്‍ എത്തുന്നതിനു മുന്‍പേ എന്തോ സംഭവിക്കാന്‍ പോകുകയാണെന്ന രീതിയില്‍ അദ്ദേഹം മാര്‍ക്കറ്റ് ചെയ്തിരുന്നു. മലയാള സിനിമയുടെ രക്ഷകന്‍ ഞാനാണെന്നു വിശ്വസിച്ച് അദ്ദേഹം ചെയ്തു കൂട്ടുന്നതെല്ലാം നല്ലതാണെന്നും കരുതി. എന്നാല്‍ ഇക്കുറി എല്ലാം പാളിയെന്ന് ഉറപ്പാണ്. ഒന്നുമില്ലാത്ത ഒരുകഥയില്‍ കെട്ടിപ്പൊക്കിയ കുറേ സന്ദര്‍ഭങ്ങള്‍ ചേര്‍ത്തുവച്ച് കടല്‍ കടന്നൊരു മാത്തുക്കുട്ടി എന്ന പേരുമിട്ട് തിയറ്ററില്‍ എത്തിച്ചു എന്നുമാത്രമേ ഇതിനെക്കുറിച്ചു പറയാന്‍ പറ്റൂ.


 മമ്മൂട്ടി എന്ന നടന് കാര്യമായി ഒന്നും ചെയ്യാനില്ല. മീശയില്ലാതെ അദ്ദേഹം അഭിനയിച്ചു എന്നു മാത്രം പറയാം. നെടുമുടി വേണു, ബാലചന്ദ്രമേനോന്‍, സിദ്ദീഖ്, നന്ദു, ഹരിശ്രീ അശോകന്‍, ടിനി ടോം, മീരാ നന്ദന്‍, അലീഷ, ശേഖര മേനോന്‍ എന്നിവരാണ് പ്രധാനതാരങ്ങള്‍. ഇതില്‍ നെടുമുടിക്കു മാത്രമേ അല്‍പമെന്തെങ്കിലും ചെയ്യാന്‍ പറ്റിയുള്ളൂ. കേരള ജനതയെ ഉപദേശിച്ചു നന്നാക്കാന്‍ മുന്‍പ് ഇറങ്ങിതിരിച്ച സംവിധായകനായിരുന്നു സത്യന്‍ അന്തിക്കാട്. ഇപ്പോഴിതാ രഞ്ജിത്ത് ആ പണി ഏറ്റെടുത്തുഎന്നു പറയാം. പൃഥ്വിരാജും ഷാജി നടേശനും സന്തോഷ് ശിവനും ഓഗസ്റ്റ് ഫിലിംസിന്റെ ബാനറില്‍ നിര്‍മിച്ച ചിത്രത്തില്‍ മോഹന്‍ലാല്‍, ദിലീപ്, ജയറാം എന്നിവര്‍ അതിഥി താരങ്ങളായി എത്തുന്നുണ്ട്. അവരെ പോലും വേണ്ടരീതിയില്‍ ഉപയോഗപ്പെടുത്താന്‍ രഞ്ജിത്തിനു സാധിച്ചില്ല.

No comments:

Post a Comment